കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യ മൂന്നു പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനയാണ് കമ്പനി കൈവരിച്ചിട്ടുള്ളത്.
മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ 48 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 1,64,720 കോടി രൂപയിലെത്തി. സംയോജിത ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലയായ 7209 കോടി രൂപയിലെത്തി. 84 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഇതു സൂചിപ്പിക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 51 ശതമാനം വര്‍ധനയോടെ 1,47,552 കോടിയിലെത്തി. സ്വര്‍ണപ്പണയ വായ്പകള്‍ 50 ശതമാനം വര്‍ധിച്ച് 1,39,658 കോടിയിലെത്തി. കമ്പനി ലോക്കറില്‍ ഈടായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ മൂല്യം 2,50,100 കോടിയിലെത്തിയതായും 2025 ഡിസംബര്‍ 31ല്‍ അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളുടെ കാര്യത്തില്‍ 1,64,000 കോടി രൂപ എന്ന നിര്‍ണായകമായ ഒരു നാഴികക്കല്ല് കടന്ന മികച്ച പ്രകടനമായിരുന്നുവെന്ന് സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.